return to back

St.Gregorios Orthodox Syrian Church, Mainroad

മെയിന്‍ റോഡ് പള്ളി

പാലക്കുന്നത്തു മാ‍ത്യൂസ് മാര്‍ അത്താനാസിയോസിന്റെ നേതൃത്വത്തില്‍ നവീകരണവിശ്വാസം സുറിയാനി സഭയില്‍ ആഞ്ഞടിച്ച സമയത്തു വ്യവഹാരം ആരംഭിക്കുകയും ഇരു വിഭാഗത്തിലേയും മേല്പട്ടക്കാര്ക്കു പള്ളിയില്‍ കയറുവാന് പാടില്ല എന്ന നിരോധനം ഉണ്ടാവുകയും ചെയ്തു ഈ അവസരത്തില് പുലിക്കോട്ടില്‍ ജോസഫ് മാര് ദിവന്നാസിയോസ് മെത്രാപ്പോലീത്തായ്ക്കും, തിരുമേനിയെ എപ്പോഴും അനുയാത്രചെയ്യാറുള്ള പ. പരുമല തിരുമേനിക്കും കുന്നംകുളത്തുവന്നു താമസിക്കാനുള്ള സൌകര്യം നഷ്ടപ്പെട്ടതിനാല്‍ ഇന്നും മെത്രാച്ചന്റെ സ്കൂള്‍ എന്ന് വിളിച്ചു വരുന്ന ഇന്നത്തെ ഗേ‍ള്‍സ് ഹൈസ്കൂളിനോടു ചേര്ന്നുണ്ടായിരുന്ന സെഹിയോന് ബങ്കളാവില് താമസിച്ചിരുന്നു. ഓര്ത്തഡോക്സ് സുറിയാനി സഭയുടെ മക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന കുന്നംകുളം പട്ടണത്തില്‍ തിരുമേനിമാര്‍ എഴുന്നെള്ളിയാല്‍ മാസങ്ങള്‍ തന്നെ തുടര്ച്ചയായി താമസിക്കുക പതിവായിരുന്നു. പ. പരുമല തിരുമേനി കുന്നംകുളത്തെ വളരെ സ്നേഹിച്ചിരുന്നു. അതിനാല് തന്നെ ഇവിടെ വിദ്യയുടേയും സ്നേഹത്തിന്റേയും ദൈവഭക്തിയുടേയും കൈത്തിരി തിരുമേനി കുന്നംകുളത്തു കൊളുത്തി. അങ്ങനെ തിരുമേനിയുടെ പരിശ്രമഫലമായി സെന്റ് ഇഗ്നേഷ്യസ് സ്കൂളിനു പുറമെ കോട്ടപ്പടി, മരത്തംകോട്, കാട്ടകാമ്പാല്‍ എന്നിവിടങ്ങിലും സ്കൂളുകള്‍ ഉയര്ന്നുവന്നു.

തിരുമേനി കാലം ചെയ്തു അധികനാള്‍ കഴിയുന്നതിനുമുന്‍പുതന്നെ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ‍ദീവന്നാസിയോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ടു കൊച്ചുതിരുമേനിയുടെ സ്മരണക്കായി മെയിന് റോഡില് പനക്കല് തറവാട്ടുകാര്‍ ആര്ത്താറ്റു-കുന്നംകുളം പള്ളിക്കു ദാനം നല്കിയ സ്ഥലത്തു 1903 ല് ഒരു കുരിശു സ്ഥാപിക്കുന്നതിനു കല്ലിടുകയും വി. കുരിയാക്കോസ് സഹദായുടെ തിരുശേഷിപ്പു അതില് സ്ഥാപിക്കുകയും ചെയ്തു. പ. പരുമല തിരുമേനിയുടെ നാമത്തില്‍ മലങ്കരയില്‍ ‍സ്ഥാപിക്കപ്പെട്ട ആദ്യത്തെ സ്മാരക കുരിശാണ് ഇത്. പിന്നീട് അതു ചാപ്പലായി പണിതു മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ ചാപ്പല്‍ എന്നു നാമകരണം ചെയ്തു. സെഹിയോന്‍ ബങ്കളാവില്‍ താമസിച്ചിരുന്ന അവസരത്തില്‍ പ. പരുമല തിരുമേനിയുടെ ഇളകിനിന്നിരുന്ന പല്ലു പറിയുകയും തിരുമേനി അതു കളയാന്‍ ഭാവിച്ചപ്പോള്‍ അടുത്തുനിന്നിരുന്ന കിടങ്ങന്‍ ചേറുണ്ണി മകന്‍ ചാക്കുണ്ണി അതു ഏറ്റുവാങ്ങുകയും വീട്ടില്‍ ഭദ്രമായി സൂക്ഷിച്ചുവെക്കുകയും ചെയ്തിരുന്നു. സ്മാരക കുരിശു ചാപ്പലാക്കുന്ന അവസരത്തില്‍ ശ്രീ ചാക്കുണ്ണി അതു പള്ളിഅധികാരികളെ ഏല്പിക്കുകയും അതു ചാപ്പലില് സ്ഥാപിക്കുകയും ചെയ്തു.

ആദ്യകാലങ്ങളില്‍ ചാപ്പലില്‍ വി. കുര്ബ്ബാന ഉണ്ടായിരുന്നില്ല. പ. പരുമല തിരുമേനിയുടെ ഓര്മ്മദിവസം സെന്റ് ലാസറസ് പഴയപള്ളിയിലോ, സെന്റ് മാത്യാസ് പള്ളിയിലോ ആയിരുന്നു വി. കുര്ബ്ബാന അര്പ്പിച്ചിരുന്നത്. ചാപ്പലില്‍ ആദ്യമായി വി. കുര്ബ്ബാന അര്പ്പിച്ചതു ബഹു. പാറമേല്‍ കുരിയാക്കോസ് കത്തനായിരുന്നു. ചാപ്പലായതിനാല് ഇടദിവസം മാത്രമേ അവിടെ വി. കുര്ബ്ബാന ഉണ്ടായിരുന്നുള്ളു.

തിരുമേനിയുടെ മദ്ധ്യസ്ഥതവഴി അനേകം അത്ഭുതങ്ങള്‍ സംഭവിക്കുകയും അതുവഴി ധാരാളം ഭക്തജനങ്ങള്‍ തിരുമേനിയുടെ മദ്ധ്യസ്ഥ തേടി അവിടെ എത്തുകയും ചെയ്തു. ചാപ്പലില് ജനങ്ങള്ക്ക് സ്ഥലം മതിയാകാത്ത സ്ഥിതി കൂടികൂടി വന്നതിനാല് ചാപ്പലിന്റെ തൊട്ടുപുറകില് ആധുനികരീതിയില്‍ വലിയപള്ളി പണിയണമെന്നു 1959 നവംബര്‍ 22 നു കൂടിയ ആര്ത്താറ്റു കുന്നംകുളം മഹാഇടവക പൊതുയോഗം തീരുമാനിക്കുകയും 1959 നവംബര്‍ 25നു പ. കാതോലിക്ക ബാവ മോറാന്‍ മാര്‍ ബാസ്സേലിയോസ് ഗീവര്ഗ്ഗീസ് ദ്വിതീയന്‍ തിരുമനസ്സുകൊണ്ടു ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. എന്നാല്‍ ശിലസ്ഥാപിക്കാന്‍ മണ്ണു എടുത്തപ്പോള്‍ ‍മറ്റൊരു ശില ലഭിക്കുകയും പരിശോധനയില് അതു വട്ടശ്ശേരി ഗീവര്ഗ്ഗീസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത പള്ളിക്കുവേണ്ടി സ്ഥാപിച്ചതാണെന്നു മനസ്സിലാക്കുകയും അതു അവിടെ തന്നെ സ്ഥാപിക്കുകയും ചെയ്തു.

പള്ളി തുടര്ന്നുകൊണ്ടിരിക്കെ തന്നെ 1963 നവംബര്‍ 2 നു ഇടവകക്കാരുടെ സ്നേഹപൂര്‍വ്വമായ നിര്ബന്ധത്തിനു വഴങ്ങി പ. കാതോലിക്ക ബാവ മോറാന്‍ മാര്‍ ബാസ്സേലിയോസ് ഔഗേന്‍ പ്രഥമന്‍ തിരുമനസ്സുകൊണ്ടു വി. കുര്ബ്ബാന അര്‍പ്പിച്ചു. പണി പൂര്ത്തീകരിച്ചു 1968 ഡിസംബര്‍ 31നു പ. കാതോലിക്ക ബാവ മോറാന് മാര്‍ ബാസ്സേലിയോസ് ഔഗേന് പ്രഥമന്‍ തിരുമനസ്സിന്റെ പ്രധാനകാര്മ്മികത്വത്തിലും പിന്നീടു പ. കാതോലിക്ക ബാവയായി സ്ഥാമേറ്റു പ. കാതോലിക്ക ബാവ മോറാന് മാര് ബാസ്സേലിയോസ് മാത്യൂസ് പ്രഥമന്‍ ‍തിരുമേനിയുടേയും നി.വ.ദി.ശ്രീ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനിയുടേയും, നി.വ.ദി.ശ്രീ. യൂഹന്നാന്‍ മാര്‍ സേവേറിയോസ് തിരുമേനിയുടെയും സഹകാര്മ്മികത്വത്തിലും പള്ളി കൂദാശ നിര്‍വ്വഹിക്കപ്പെട്ടു.

ചാപ്പലിന്റെ പെരുന്നാള്‍ ജൂലായ് 15 നു വി. കുരിയാക്കോസ് സഹദായുടെ ഓര്മ്മദിവസവും സെന്റ് ഗ്രീഗോറിയോസ് പള്ളി പെരുന്നാള്‍ നവംബര്‍ 2 നും പള്ളി സ്ഥാപനപെരുന്നാള്‍ ഡിസംബര്‍ 31നും ആഘോഷിച്ചു വരുന്നു. നവംബര്‍ 2 ലെ പെരുന്നാള്‍ കഴിഞ്ഞുവരുന്ന പ്രവര്ത്തി ദിവസം പ. പരുമല തിരുമേനിയുടെ പരിശ്രമത്താല്‍ ഉടലെടുത്ത ഇന്നത്തെ ഗേ‍ള്‍സ് ഹൈസ്കൂളിലെ വിദ്യാര്ത്ഥിനികള്‍ക്കു മധുരപലഹാരം വിതരണം ചെയ്യാറുണ്ട്.

 
View Image Gallery
 

Major Festivals


© Copy Right 2008. All Rights Reserved.