return to back

St.Lazarus Orthodox Syrian Church, Kunnamkulam (Old Church)

സെന്റ് ലാസറസ് പള്ളി കുന്നംകുളം (പഴയ പള്ളി)

പഴയപള്ളി ഏതുകാലത്തു സ്ഥാപിക്കപ്പെട്ടു എന്നതു സൂക്ഷ്മമായി പറയുവാന് സാധ്യമല്ല. കുന്നംകുളവും ചിറളയവും രണ്ടു നാട്ടുരാജാക്കന്മാരുടെ കീഴിലായിരുന്ന കാലത്ത് ചിറളയം ദേശത്ത് നില്ക്കുന്ന സെന്റ് ലാസറസ് പള്ളിയിലെ മദ്ധ്യസ്ഥനായ ലാസര്‍ ‍പുണ്യവാളന്റെ ശക്തി മനസിലാക്കിയ കുന്നംകുളം ദേശക്കാര് അതേ  ലാസര്‍ പുണ്യവാളന്റെ നാമത്തില്‍ (ദരിദ്രനായ ലാസര്‍) കുന്നംകുളം ദേശത്ത് മറ്റൊരു പള്ളി സ്ഥാപിച്ചു. കാക്കശ്ശേരി കുടുംബക്കാരുടെ വക കുരിശുപള്ളിയായിരുന്നു ആദ്യം പണികഴിപ്പിച്ചത് എന്നും പിന്നീട് കുരിശുപള്ളി വലുതാക്കിയതാണ് ഇന്ന് കാണുന്ന പഴയപള്ളിയെന്നും പറയപ്പെടുന്നു. കുന്നംകുളം ദേശത്തു ആര്ത്താറ്റ് പള്ളി കഴിഞ്ഞാല് പഴക്കമുള്ള ദേവാലയം ഇതായതിനാല് കിഴക്കെ അങ്ങാടിയുടെ അറ്റത്തു സെന്റ് തോമസ് പള്ളി സ്ഥാപിച്ചപ്പോള്‍ അതിനെ പുത്തന്‍പള്ളിയെന്നും ഈ പള്ളിയെന്നും ഈ പള്ളിയെ പഴയപള്ളിയെന്നും വിളിച്ചു വരുന്നു.

ആര്ത്താറ്റ്-കുന്നംകുളം പള്ളി ട്രസ്റ്റിന്റെ കേന്ദ്ര ഓഫീസും മേല്‍പ്പൂട്ടു മുറികളും ഈ പള്ളിയുടെ വടക്കെ മാളിക കെട്ടിടത്തിലാണു സ്ഥിതിചെയ്യുന്നത്. ഇപ്പോള് ആര്ത്താറ്റ് കുന്നംകുളം (സെന്റ് മേരീസ്) പള്ളി ഇടവകയിലെ കുന്നംകുളത്തെ പ്രധാനപള്ളിയായി നിലനില്ക്കുന്നു. കുന്നംകളത്തെ മലങ്കര ഓര്ത്തഡോക്സ് സഭയുടെ ഒട്ടുമിക്ക ആഘോഷങ്ങളും ഈ ദേവാലയം കേന്ദ്രീകരിച്ചാണ് നടന്നുവരുന്നത്.

1884 ല്‍ പത്രോസ് പാത്രിയര്ക്കീസു ബാവായും 1909 ല് അബ്ദുള്ള പാത്രിയ‍ര്ക്കീസു ബാവായും ഈ പള്ളി സന്ദര്ശിച്ചിട്ടുണ്ട്. മലങ്കര സുറിയാനി സഭയ്ക്കു കാതോലിക്കായെ പ്രധാനംചെയ്തു അന്ത്യോഖ്യായുടെ അടിമത്വശൃംഖല വിച്ഛേദിച്ചു സഭയെ സ്വതന്ത്രമാക്കിയ പ. അബ്ദുള്‍ മശിഹാ പാത്രിയര്ക്കീസു ബാവ 1912ല്  ഈ പള്ളി സന്ദര്ശിച്ചിട്ടുണ്ട്. പ. വട്ടശ്ശേരില് തിരുമേനിയെ മുടക്കിയ അബ്ദുള്ള പാത്രിയര്ക്കീസു ഇവിടെ നിന്നും മടങ്ങുന്ന അവസരത്തില്‍ ഡോ. ബുക്കാനന്‍ സമ്മാനിച്ച പത്താക്കു കൈവശപ്പെടുത്തുകയും അതു തിരിച്ചു ലഭിക്കുന്നതിനായി വക്കീല് നോട്ടീസു അയയ്ക്കുകയും തുടര്ന്നു പത്താക്കു തിരിച്ചേല്പിക്കുകയും ചെയ്തു. 1896 ല്‍ കൊച്ചി മഹാരാജാവു ശ്രീരാമവര്മ്മ വലിയതമ്പുരാന്‍ തിരുമനസ്സുകൊണ്ടു ഈ പള്ളിയും പള്ളിവക സ്കൂളും സന്ദര്ശിക്കുകയുണ്ടായി.

പഴയ സിമ്മനാരി സ്ഥാപകന് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസിയോസു തിരുമേനിയോടുള്ള ഭക്തി സൂചകമായി പഴയപള്ളിയില്‍ ഒരു സ്മാരകകബര് സ്ഥാപിക്കുകയും വൃശ്ചികം 12 ന് അദ്ദേഹത്തിന്റെ ശ്രാദ്ധം കെങ്കേമമായി നടത്തി വരികയും ചെയ്തിരുന്നു. പിന്നീടത് അതു പുത്തന്പള്ളിയിലേക്കു മാറ്റി സ്ഥാപിച്ചു. (പുത്തന്‍പള്ളി ചരിത്രം കാണുക) 2007 ഡിസംബര്‍ മാസത്തില് പള്ളിക്കകം പുതിക്കിപണിയാനായി നിലം പൊളിച്ചപ്പോള്‍ മദ്ബഹായുടെ പടിയുടെ തൊട്ട് താഴെ നടുക്കായി ചതുരാകൃതിയില് ഒരു കുഴി കണ്ടെത്തുകയും അതില്നിന്നും കറുത്തനിറത്തിലുള്ള തുണിയും സാമാന്യം വലുപ്പത്തിലുള്ള ഒരു സ്പൂണും കണ്ടുകിട്ടി. പ. പുലിക്കോട്ടില്‍ തിരുമേനിയുടെ ഒരു സ്മാരക കബറിടം ഈ ദേവാലയത്തില്‍ ഉണ്ടായിരുന്നതിനാല്‍ ലഭിച്ചത് തിരുമേനിയുടെ ഭൌതീകാവശിഷ്ടമാണെന്ന നിഗമനത്തില്‍ പ. പാമ്പാടി തിരുമേനിയുടെ തിരുവസ്ത്രത്തോടൊപ്പം പുനഃസ്ഥാപിച്ചു. അതോടൊപ്പം മേല്പ്പൂട്ടിലുണ്ടായിരുന്ന തിരുശേഷിപ്പും (അസ്ഥിഭാഗം, അതു ആരുടേതാണെന്നു കണ്ടെത്താന് കഴിഞ്ഞിട്ടില്ല) ഒരു പാത്രത്തിലാക്കി സ്ഥാപിച്ചു.

പക്ഷെ തിരുമേനി കാലം ചെയ്ത വര്‍ഷവും (1816) ശീമക്കാരന് യൂയാക്കീം മാര്‍ കൂറിലോസ് കബര്‍ പൊളിച്ച വര്ഷവും (1846) തമ്മില്‍ 30 വര്ഷത്തെ വ്യത്യാസം മാത്രമെ കാണുന്നുള്ളു. അങ്ങിനെ വരുമ്പോള്‍ തിരുമേനിയുടെ ഭൌതീകാവശിഷ്ടം നിലത്തുള്ള അറയില്‍ നിക്ഷേപിച്ച വിവരം അന്ന് 40 വയസ്സ് തൊട്ടുള്ളവര്‍ക്കെല്ലാം അറിയാവുന്ന കാര്യമായിരിക്കും. തിരുമേനിയെ ജീവനു തുല്യം സ്നേഹിക്കുന്ന കുന്നംകുളംകാര്‍ അത് മൂടികളഞ്ഞ് ഇത്രയും നാള്‍ അതിനുമുകളിലൂടെ ചവിട്ടിനടന്നു എന്ന് വിശ്വസിക്കുക പ്രയാസമാണ്. കബര്‍ പൊളിച്ച അതേ വര്ഷം നടന്ന പുത്തന്പള്ളിയുടെ ശിലാസ്ഥാപനത്തിലും കുരിശിന്റെ സ്ഥാപനത്തിലും യൂയാക്കിം മാര് കൂറിലോസ് സംബന്ധിച്ചതായി പറയപ്പെടുന്നു. മാത്രവുമല്ല പഴയപള്ളിയില്‍ കുര്‍ബാന മദ്ധ്യേ നിങ്ങളുടെ ദിന്നാസിയോസ് ശുദ്ധന്‍ എന്ന് പ്രസ്താവിച്ചതായും കാണുന്നു. സാഹചര്യങ്ങള് അനുകൂലമായ സ്ഥിതിയ്ക്ക് പൊളിച്ച കബറില്‍ ഭൌതികാവശിഷ്ടം ഉണ്ടായിരുന്നെങ്കില് അത് വീണ്ടും പുനര്സ്ഥാനം നടത്തുമായിരുന്നില്ലെ.

ഇവിടെ മറ്റൊരു കാര്യം ചിന്തിക്കേണ്ടതുണ്ട്. പണ്ടു കാലങ്ങളില്‍ തൂക്ക് വിളക്ക് വി. മദ്ബഹായുടെ പടിക്ക് തൊട്ട് മുമ്പില് നടുക്കായിരുന്നു തൂക്കിയിരുന്നത്. (നസ്രാണി ദേവാലയ വാസ്തുവിദ്യ അദ്ധ്യായം 3 പവിത്രതാ സങ്കല്പവും നസ്രാണി ദേവാലയ വാസ്തുവിദ്യയും പേജ് 44) അതിനു താഴെ വിളക്കില്‍ നിന്ന് വീഴുന്നതും അധികം വരുന്നതുമായ വെളിച്ചെണ്ണ സൂക്ഷിക്കുവാനുള്ള അറയും നിര്മ്മിച്ചിരുന്നു. കേരളത്തിലെ തന്നെ ഏറ്റവും പുരാതന ദേവാലയമായ ആര്ത്താറ്റ് വലിയപള്ളിയില്  ഇപ്പോഴും മേല്പ്പറഞ്ഞ സ്ഥാനത്താണ് തൂക്ക് വിളക്ക് സ്ഥിതിചെയ്യുന്നത്. വി. മദ്ബഹായുടെ പഴയ അതിരും വിളക്കിന്റെ സ്ഥാനവും ശ്രദ്ധിച്ചാല്‍ ഇത് മനസിലാകും. അത്തരത്തില്‍ ഈ ദേവാലയത്തില്‍ ഉണ്ടായിരുന്നതും വിളക്ക് ദേവാലയത്തിന്റെ നടുവിലേക്ക് മാറ്റിയപ്പോള് മൂടികളഞ്ഞതുമായ അറയാകാം കണ്ടെത്തിയതെന്നുമുള്ള വാദം ഇവിടെ പ്രസക്തമാകുന്നു. അങ്ങിനെയെങ്കില്‍ അതില്‍ നിന്നും കണ്ടെത്തിയത് എന്താണ്? കുന്നംകുളത്തുകാര്‍ എന്നും ജീവനുതുല്യം സ്നേഹിക്കുന്ന പ. പുലിക്കോട്ടില്‍ തിരുമേനിയുടെ തിരുവസ്ത്രങ്ങ‍ള്‍ വെളിച്ചെണ്ണകുഴിയിലിട്ട് മൂടാനുള്ള ഒരു സ്ദ്ധ്യതയും കാണുന്നില്ല.

എന്തായാലും ഒരുകബറിടം അത് സ്മാരകമായാല്‍ പോലും ഒരിക്കലും പള്ളിയുടെ വി. മദ്ബഹാ പടിയുടെ തൊട്ടുതാഴെ നടുക്കായി സ്ഥാപിക്കാറില്ല എന്നതും ഇവിടെ ചിന്തനീയമാണ്.

പള്ളിപറമ്പില്‍ കാണുന്ന പ. കുരിയാക്കോസ് സഹദായുടെ നാമത്തിലുള്ള കുരിശുപള്ളി പനക്കല്‍ വീട്ടുകാരുടെ വകയായി 1874 -76 കാലഘട്ടത്തില്‍ നിര്മ്മിച്ചതാണെന്ന് കരുതുന്നു.

പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ പള്ളി അദ്ധ്യാത്മിക സംഘടനകളുടെ ഒരു കേളീരംഗം തന്നെയാണ്. ഓര്ത്തഡോക്സ് സിറിയന്‍ പ്രോഗ്രസീവ് പാര്ട്ടി, എം.ജി.എം. അസ്സോസിയേഷന്‍, എം.ജി.എം. സുവിശേഷസംഘം, എം.ജി.എം. സണ്ടേസ്കൂള്‍, യൂത്ത് ലീഗ്, യുവജനപ്രസ്ഥാനം, യുവതീസമാജം, മര്ത്ത മറിയം വനിതാസമാജം, സഭാസംരക്ഷകസമിതി, എം.ജി.ഒ.സി.എസ്.എം. തുടങ്ങി സംഘടനകളുടെ പ്രവര്ത്തനങ്ങള്‍ ഈ പള്ളി കേന്ദ്രീകരിച്ച് പ്രവര്ത്തിച്ച് വരുന്നു. ഈ ദേവാലയത്തോടനുബന്ധിച്ച് മാര്‍ ജോസഫ് ദിവന്നാസ്യോസ് മെമ്മോറിയല്‍ സ്കൂളും (എം.ജെ.ഡി.) പ്രവര്ത്തിച്ചു വരുന്നു.

പള്ളിയുടെ പ്രധാന പെരുന്നാള്‍ ദൈവമാതാവിന്റ പുകഴ്ച പെരുന്നാള്‍ ദിവസമായ ഡിസംബര്‍ 26 ന് ആഘോഷിക്കുന്നു.

 
View Image Gallery
 

Major Festivals


© Copy Right 2008. All Rights Reserved.