return to back

St.Lazarus Orthodox Syrian Church, Chiralayam

സെന്റ് ലാസറസ്  പള്ളി, ചിറളയം

ആര്ത്താറ്റ് പള്ളി കഴിഞ്ഞാല് ഈ പ്രദേശത്തെ ഏറ്റവും പഴക്കമുള്ള ദേവാലയം. ഈ ദേവാലയത്തിന്റെ സ്ഥാപനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ചരിത്രഗ്രന്ഥങ്ങളൊന്നും ഇന്ന് ലഭ്യമല്ല. എന്നാല് ചെറുവത്തൂര്‍ വീട്ടുകാര്‍ (കൊട്ടിലില്‍, ഞാലില്‍, താഴത്തേക്കാ‍ര്‍) ഈ പള്ളിയോട് കാണിക്കുന്ന പ്രത്യേക താല്പര്യം ആ തറവാടിന് ഈ പള്ളിയുമായുള്ള അഭേദ്യമായ ബന്ധം കാണിക്കുന്നു. അതിനാല്‍ ആ തറവാട്ടിലെ ഇന്നത്തെ തലമുറക്കാരില് നിന്നും ഈ ദേവാലയത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ലഭിച്ച വിവരവും ഇതില്‍ ഉള്പ്പെടുത്തിയിരിക്കുന്നു.

ഒരു കാലഘട്ടത്തില്‍ കേരളത്തില്‍ അമ്പലങ്ങളില്‍ പൂജ നടത്തുന്നതിനു നമ്പൂതിരിമാരെ കിട്ടാതെ വന്നപ്പോള്‍ കര്ണ്ണാടകയില്‍ നിന്നാണു പൂജാരികളെ കൊണ്ടുവന്നിരുന്നത്. അക്കാലത്തു പുന്നത്തൂര്‍കോട്ടയില് പൂജനടത്തുന്നതിനു തൃശ്ശനാപ്പള്ളിയില്‍ നിന്നും മൂന്നു ബ്രാഹ്മണകുടുംബങ്ങളെ കോട്ടയില്‍ കൊണ്ടുവന്നു താമസിപ്പിച്ചിരുന്നു. അക്കാലത്തു ആര്ത്താറ്റ്, കോട്ടപ്പടി, ചിറ്റാട്ടുകര, പാവര്ട്ടി എന്നീ ദേശങ്ങളിലെ വണിക്കുകള്‍ (എണ്ണക്കച്ചവടക്കാര്‍) കൂട്ടമായി എണ്ണവില്ക്കുന്നതിനു പാലക്കാട്ടേക്കു പോയിരുന്നു. എണ്ണവിറ്റശേഷം എണ്ണക്കൊട്ടില് എന്ന സ്ഥലത്തു (എണ്ണ വിറ്റശേഷം  ഒത്തുകൂടി വിശ്രമിക്കുന്ന സ്ഥലം) എല്ലാവരും വിശ്രമിക്കും. ഒരിക്കല്‍ എണ്ണക്കൊട്ടിലില്‍ വിശ്രമിക്കുമ്പോള്‍ അടുത്തുള്ള കാട്ടില്‍നിന്നു അസാധാരണ ശബ്ദം കേള്‍ക്കുകയും (മണിയടി ശബ്ദമാണെന്നാണു കേളി) ശബ്ദം കേട്ടസ്ഥലത്തു അന്വേഷിച്ചു ചെന്നവര്ക്കു കൈയ്യില്‍ വിശറിയും കാല്ക്കല് നായയുമായുള്ള ഒരു മനുഷ്യരൂപം ലഭിക്കുകയും ചെയ്തു. ധനവാനും ലാസറും ഉപമയിലെ ദരിദ്രനായ ലാസറിന്റെ രൂപമായിരുന്നു അത്. എന്നാല് ആ രൂപത്തിന്മേല് എല്ലാവരും അവകാശം ഉന്നയിച്ചപ്പോള്‍ നറുക്കിടുവാന്‍ തീരുമാനിക്കുകയും നറുക്കു കോട്ടപ്പടി ദേശക്കാര്ക്കു വീഴുകയും ചെയ്തു. അവര്‍ ആ രൂപം കോട്ടപ്പടിയില്‍ ഒരു പള്ളി പണിതു അവിടെ സ്ഥാപിച്ചു. ആ രൂപം ഇപ്പോഴും കോട്ടപ്പടി കത്തോലിക്ക പള്ളിയില്‍ ഉണ്ട്.

അങ്ങിനെയിരിക്കെ പുന്നത്തൂര്‍കോട്ടയില്‍ ഒരു സംഭവം ഉണ്ടായി. തമ്പുരാനു വെറ്റില മുറുക്കുന്നതിനുവേണ്ടി മുറുക്കാന്‍ ചെല്ലത്തില്‍ ദിവസവും സേവകന്മാര്‍ അടക്ക മൊരികളഞ്ഞു നിറച്ചിടുക പതിവായിരുന്നു. ഒരു ദിവസം മുറുക്കാന്‍ ചെല്ലത്തിലെ അടയ്ക്ക കുറഞ്ഞതുകണ്ടപ്പോള്‍ തമ്പുരാന്‍ സേവകന്മാരെ വിളിച്ചു കാരണം ചോദിച്ചു. അവസാനം സേവകനായ ചക്കപ്പന്‍ എന്ന സേവകനില്‍ കുറ്റം ആരോപിച്ച് കോട്ടയ്ക്കു പുറത്തുകൊണ്ടുപോയി തൂക്കിക്കൊല്ലുവാന്‍ കല്പിച്ചു. അടയ്ക്കയായാലും തമ്പുരാന്റെ ചെല്ലത്തില്‍ നിന്നു കളവാണു നടന്നിരിക്കുന്നത്. ചക്കപ്പന്റെ മരണശേഷം പുന്നത്തൂര്തറവാട്ടില് പല ശല്യങ്ങളും കാണുവാന് തുടങ്ങി. പ്രശ്നപരിഹാരത്തിനായി ഹിന്ദുവിധിപ്രകാരം ഒരുതറകെട്ടി ചക്കപ്പന്റെ ആത്മാവിനെ അവിടെ ഒതുക്കി. കോട്ടപ്പടിയില്‍ ഇപ്പോഴും ചക്കപ്പന്തറ നിലനില്ക്കുന്നുണ്ട്. ഓം, ചന്ദ്രക്കല, കുരിശ് എന്നിവ കൊത്തിയ കല്ല് അവിടെ സ്ഥാപിച്ചിട്ടുണ്ട്. കോട്ടയില്‍ പൂജ നടത്തിയിരുന്ന ബ്രാഹ്മണര്‍ ഈ കൊലയ്ക്കു എതിരായിരുന്നു. ഈ ക്രൂരകൃത്യത്തില്‍ നിന്നു തമ്പുരാനെ അവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തമ്പുരാന്‍ അതു ചെവികൊണ്ടില്ല. ഇതില്‍ പ്രതിഷേധിച്ചു അവര്‍ പുന്നത്തൂരില്‍നിന്നു ഇറങ്ങിപ്പോരുകയും ചിറളയും അയിനിക്കൂര്‍ സ്വരൂപത്തില്‍ ‍അഭയം തേടുകയും ചെയ്തു. ഈ മൂന്നു വീട്ടുകാരേയും ചിറളയം തമ്പുരാന്‍ ചെറുവത്തൂര്‍ അമ്പലത്തില്‍ ശാന്തിക്കാരായി നിയമിച്ചു. കുറച്ചു നാള്‍ കഴിഞ്ഞപ്പോള് അമ്പലത്തിലെ മറ്റുശാന്തിക്കാരും ഇവരും തമ്മില്‍ സ്വരചേര്‍ച്ചയില്ലാതായി.

തുടര്‍ന്നു തമ്പുരാന്റെ സമ്മതപ്രകാരം ഈ മൂന്നു കുടുംബങ്ങളും ക്രിസ്തുമതം സ്വീകരിച്ചു. ഇതില്‍ ഒരു വീട്ടുകാരെ ആനക്കൊട്ടിലിന്റെ അടുത്തും (ആന കടന്നുപോകുന്ന വഴി) ഒരു വീട്ടുകാരെ ഹെര്ബര്ട്ടു റോഡിന്റെ വടക്കു മേലെഭാഗത്തു ഞാലിലും (നെല്ലു വിതച്ചു ഞാറാക്കുന്ന സ്ഥലത്തിന്റെ അടുത്ത്) മൂന്നാമത്തെ വീട്ടുകാരെ താഴത്തെ ഭാഗത്തും താമസിക്കാന് അനുവാദം കൊടുത്തു. ഹെര്ബര്ട്ടു റോഡിനെ പണ്ടു ഞാലില്‍ വഴി എന്നാണു വിളിച്ചിരുന്നത്. ഈ മൂന്നു വീട്ടുകാരേയും കൊട്ടിലില്, ഞാലില്‍, താഴത്തേതില്‍ അതായതു അവര്‍ താമസിക്കുന്ന സ്ഥലപ്പേരുകളിലാണു അറിയപ്പെടുന്നത്.

ക്രിസ്തുമതം സ്വീകരിച്ച ഇവര്‍ ആരാധനക്കായി ഒരു പള്ളിവേണമെന്നു തമ്പുരാനോടു അപേക്ഷിക്കുകയും തമ്പുരാന്‍ അനുവാദവും പള്ളി പണിക്കായി മരങ്ങളും മറ്റു സഹായങ്ങളും ചെയ്തുകൊടുത്തു. കോട്ടപ്പടിയിലെ ലാസര്‍ പുണ്യവാളന്റെ ശക്തി കേട്ടറിഞ്ഞിട്ടുള്ള ഇവര്‍ ആതേ ലാസര്‍ പുണ്യവാളന്റെ നാമത്തില്‍ (ദരിദ്രനായ ലാസര്‍) പള്ളി സ്ഥാപിച്ചു. നവംബര്‍ 28  തിയ്യതി സ്ഥാപനപ്പെരുന്നാള്‍ ആഘോഷിക്കുന്നു. പൂരം കണ്ട് പരിചയിച്ച ചെറുവത്തൂര്‍ വീട്ടുകാര്‍ പള്ളിപ്പെരുന്നാളിനു തമ്പുരാനോടു ആനയെ ആവശ്യപ്പെടുകയും തമ്പുരാന് അനുവദിക്കുകയും ചെയ്തു. അങ്ങനെ ആദ്യമായി പെരുന്നാളിനു നെറ്റിപ്പട്ടം കെട്ടിയ ആന പങ്കെടുത്തു. അക്കാലങ്ങളില്‍ ആനപ്പുറത്തു രാജാക്കന്മാര്‍ക്കും സൈന്യാധിപന്മാര്ക്കും പിന്നെ ഹൈന്ദവവിഗ്രഹങ്ങള്‍ക്കും മാത്രമെ സ്ഥാനമുണ്ടായിരുന്നുള്ളൂ.

1751 ഏപ്രില്‍ 27 ന് കേരളത്തില്‍ വന്ന മാര്‍ ശക്രള്ളാ മപ്രിയാന തിരുമനസ്സുകൊണ്ടു ചിറളയം പള്ളിയില്‍ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ കൈയ്യില് ഒരു ചുവന്ന പട്ടുതുണികൊണ്ടു പൊതിഞ്ഞ ഒരു വസ്തു ഉണ്ടായിരുന്നു. അതു സൈത്തായിരുന്നു. അതറിയാതെ ജനങ്ങള്‍ അതില്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതു കണ്ടപ്പോള്‍ അതു നഷ്ടപ്പെടുകയും എന്നു ഭയന്ന അദ്ദേഹം ആരോടും പറയാതെ പുറപ്പെട്ടു പോവുകയും മട്ടാഞ്ചേരി പള്ളിയില് എത്തുകയും ചെയ്തു. ഏറെ താമസിയാതെ കണ്ടനാട് പള്ളിയില് വെച്ചു കാലം ചെയ്തു അവിടെ തന്നെ കബറടങ്ങി.

മപ്രിയാന പോയതില്‍ ചെറുവത്തൂര്‍ വീട്ടുകാര്‍ക്കു അതിയായ ദുഃഖം ഉണ്ടായി. അവര്‍ കബ‍റിടത്തില്‍ പോയി ഉപവസിച്ചു പ്രാര്ത്ഥിക്കുകയും അദ്ദേഹത്തിന്റെ പടം ഒരു പലകയില്‍ വരച്ചു കൊണ്ടുവരികയും ചിറളയം പള്ളിയില്‍ സ്ഥാപിക്കുകയും ചെയ്തു. വി. മദ്ബഹായുടെ കുദ്കദിശിന്റെ മുകള്‍ഭാഗത്തായി ഇന്നും അതു കേടുകൂടാതെ സൂക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മ ദിനമായ ഒക്ടോബര്‍ 22 പെരുന്നാളായി ആഘോഷിക്കണം എന്നു സത്യം ചെയ്തു പള്ളി സുറിയാനി സഭയെ ഏല്പിച്ചു. ചെറുവത്തൂര് വീട്ടുകാര്‍ക്കായി ഉണ്ടായിരുന്ന ശവക്കോട്ട, പള്ളി വിട്ടുകൊടുത്തതിന്റെ ശേഷം ആര്‍ത്താറ്റേക്കു മാറ്റി.

പള്ളി വെള്ളപൂശാനായി മുമ്പു ഉണ്ടായിരുന്ന കുമ്മായം ഇളക്കികളഞ്ഞപ്പോള്‍ പള്ളിയുടെ വടക്കെ ഭിത്തിയില്‍ ചുവര്ചിത്രം കാണപ്പെട്ടു. ഇതു ഏതു കാലത്താണ് വരച്ചതെന്നു അറിവില്ല. മാര്‍ ശക്രള്ള മാപ്രിയാനയുടെ ചിത്രം വരച്ച സംഘത്തില്‍പ്പെട്ട ആരോ ആയിരിക്കാം ഇതിന്റേയും ശില്പി. നിര്ഭാഗ്യവശാല്‍ പള്ളിപുനരുദ്ധാരണത്തിനിടെ അത് നശിച്ചുപോയി.

എം.ഡി. സിമ്മന്നാരി സ്ഥാപകനായ പുലിക്കോട്ടില് ജോസഫ് മാര്‍ ദിവന്നാസ്യോസ് രണ്ടാമന്‍ കശ്ശീശ്ശ സ്ഥാനമേറ്റു ആദ്യകുര്ബാന അര്പ്പിച്ചതു ഈ പള്ളിയിലായിരുന്നു. 1876 ലെ മുളന്തുരുത്തി സുന്നഹദോസിനുശേഷം പരിശുദ്ധനായ പരുമല തിരുമേനിയോടൊന്നിച്ച് പരിശുദ്ധ പത്രോസ് പാത്രിയര്ക്കീസു ബാവ ഈ പള്ളിയില്‍ എഴുന്നെള്ളി താമസിച്ചിരുന്നു. കൊച്ചി ഭദ്രാസനത്തിനുവേണ്ടി കാരോട്ടു വീട്ടില്‍ ശെമവൂന് മാര്‍ ദിവന്നാസ്സിയോസ്, കണ്ടനാട് ഭദ്രാസനത്തിനുവേണ്ടി മുറിമറ്റത്തില്‍ പൌലൂസ് മാര്‍ ഈവനിയോസ് (പിന്നീട് ഒന്നാം കാതോലിക്ക പ. ബാസേലിയോസ് പൌലൂസ് പ്രഥമന്‍) എന്നീ മേല്പട്ടക്കാരെ ഈ പള്ളിയില് ‍‍വെച്ചാണ് വാഴിച്ചിട്ടുള്ളത്.

ആര്ത്താറ്റ് പള്ളിയില്‍ നടന്നുവന്നിരുന്ന മല്പാന് പാഠശാഖ ആര്ത്താറ്റ് പള്ളി പൂട്ടിയിട്ടതിനെ തുടര്‍ന്ന് ചിറളയം പള്ളിയിലാണ് നടത്തി വന്നിരുന്നത്. ഇന്ന് കാണുന്ന ഊട്ടുപുരയുടെ സ്ഥാനത്തായിരുന്നു അത് നിന്നിരുന്നത്.

ഈ പള്ളിയുടെ പടിഞ്ഞാറുവശത്തായി വി. ഗീവര്ഗ്ഗീസ് സഹദായുടെ നാമത്തില്‍ ഒരു കുരിശുതൊട്ടിയും വടക്കു ഭാഗത്തായി ഊട്ടുപുരയും സ്ഥിതിച്ചെയ്യുന്നു.

 
View Image Gallery
 

Major Festivals


© Copy Right 2008. All Rights Reserved.